Tuesday, March 16, 2010

ഇനിയെങ്ങനെ മനസമാധാനത്തോടെ ബിരിയാണി തിന്നും നമ്മള്‍?

ആദ്യമേ പറയട്ടെ. ഇത് എന്റെ സൃഷ്ടി അല്ല. ഏതോ ഒരു മാന്യദേഹം കഷ്ടപ്പെട്ട് പാടുപെട്ട് ബുദ്ധിമുട്ടി ടൈപ്പ് ചെയ്ത ഒരു ലേഖനം ആണിത്. അതെനിക്ക് ഈമെയിലില്‍ ഫോര്‍വേഡ് ആയി വന്നു. അയച്ചത് സാക്ഷാല്‍ സുദീപ്‌ കെ കൃഷ്ണന്‍. കൂടുതല്‍ പേരിലേക്ക് ഈ വിവരം എത്തിച്ചേരാനും, ഒരു വര്‍ഷമായി പൊടി പിടിച്ചു കിടക്കുന്ന എന്റെ ബ്ലോഗ്‌ പൊടി  തട്ടി എടുക്കാനും ഈ അവസരം ഞാന്‍ വിനിയോഗിക്കട്ടെ. :) റൈറ്റ്സും തെങ്ങാക്കൊലയും ഒക്കെ ഇത് എഴുതിയവന് തന്നെ. :) 
 

പറഞ്ഞുവരുന്നത് ബിരിയാണി അരിക്കും ബീഫിനും ചിക്കനും വിലക്കൂടിയ കാര്യമല്ല,
മാനാഞ്ചിറ, മിഠായി തെരുവ്, എന്നൊക്കെ പറയും പോലെ കോഴിക്കോടിന്റെ ഒരു ലാന്റ്മാര്‍ക്ക് ആണ് സാഗര്‍
അവിടെ കേറി ഒരു ബിരിയാണി, കുറഞ്ഞത് ഒരു ചോറും അയക്കോറ പൊരിച്ചതും കഴിച്ചില്ലെങ്കില്‍ കുടുംബത്തെയും കൂട്ടികളെയും
കൂട്ടി പുറത്തിറങ്ങുന്നത് പൂര്‍ണമായി തോന്നില്ല. എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും വരുന്ന കൂട്ടുകാരെ റെയില്‍വേസ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്റില്‍ നിന്നും സ്വീകരിച്ച് നേരെ കൊണ്ടുപോവുക വീട്ടിലേക്കല്ല, സാഗറിലേക്കാണ്. വീടിനു പുറത്തുള്ളൊരു ഇരിപ്പിടവും ഊണുമുറിയുമായിരുന്നു ഞങ്ങള്‍ക്കത്. കല്യാണപ്പുരകളില്‍ പോയി എത്ര കഴിച്ചാലും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ അങ്ങോട്ടുപോകും, വയറു നിറച്ച് ബിരിയാണിതിന്നാന്‍
ഉമ്മയുണ്ടാക്കുന്ന ബിരിയാണിക്ക് കിടിലന്‍ രുചിയാണെങ്കിലും ചിലപ്പോള്‍ എരിവ് കൂടാറുണ്ട്, കൂട്ടുകാരുടെ വീട്ടില്‍ നിന്ന് കഴിക്കുമ്പോള്‍ ചിലപ്പോള്‍ ഉപ്പ് കുറയാറുണ്ട്. അരിയും ഇറച്ചിയും എരിവും ഉപ്പും എണ്ണയും എല്ലാം കിറുകൃത്യം പാകത്തിലുള്ള ബിരിയാണി കഴിക്കണമെങ്കില്‍ സാഗറിലേക്ക് തന്നെ വിടണം. അതു കൊണ്ടാണ് സല്‍ക്കാരത്തിന്റെയും പലഹാരത്തരങ്ങളുടെയും ഹെഡ്ഡാഫീസായ കുറ്റിച്ചിറയില്‍ നിന്നുള്ള പുയ്യാപ്ലമാരടക്കം കോഴിക്കോടിന്റെ കൊഴുത്ത ജീവിതങ്ങള്‍ സാഗറില്‍ കസേര ഒഴിയാന്‍ കാത്തു നിന്നത്.
അതീവ രുചികരമായ ഭക്ഷണം, അതിലേറെ ആസ്വാദ്യമായ ആതിഥ്യമര്യാദ ഇതായിരുന്നു സാഗറിന്റെ മുഖമുദ്ര. ഇടക്കെങ്ങാനും ഒരു കയ്യബദ്ധം പറ്റിയാല്‍ മഹാപാതകം ചെയ്തുപോയ കൊടുംപാപികളെപ്പോലെ ഹോട്ടലിലെ മാനേജര്‍ മുതല്‍ മേശതുടപ്പുകാരന്‍ വരെ വന്ന് മാപ്പുപറയാറുണ്ടവിടെ. മസാലക്കഷ്ണം കരിഞ്ഞുപോയെന്ന് പരാതി പറഞ്ഞ ചെറുപ്പക്കാരനും കൂട്ടുകാരും കഴിച്ച ഡസന്‍ കണക്കിന് കോഴിക്കാലുകള്‍ക്ക് പണമൊന്നും വാങ്ങാതെ ക്ഷമപറഞ്ഞ് മാനേജര്‍ സ്നേഹപൂര്‍വം യാത്രയാക്കുന്നത് കണ്ടത് കുറച്ചു കൊല്ലം മുന്‍പാണെങ്കിലും കണ്ണില്‍ നിന്ന് മായാതെ നില്‍ക്കുന്നു. എല്ലാ നന്‍മകളും എക്കാലത്തും നിലനില്‍ക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാറുണ്ടെങ്കിലും നടക്കണമെന്നില്ല, അതു തന്നെയാണ് സാഗറിലും സംഭവിച്ചത്. എന്നു പറഞ്ഞാല്‍ അവിടുത്തെ ബിരിയാണിക്ക് രുചി കുറഞ്ഞു എന്നല്ല അര്‍ഥം. പക്ഷെ സംഭവിച്ചുകൂടാത്ത ഒരു അപരാധം അവിടെ സംഭവിച്ചിരിക്കുന്നു. അവിടുത്തെ ബാത്ത്റൂമിനുള്ളില്‍ ഒരു കാമറ കണ്ടെത്തി. ആരും മറന്നുവെച്ചതല്ല, ഞരമ്പുരോഗിയായ ഒരു ജീവനക്കാരന്‍ മനപൂര്‍വം കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചതാണ് ആ മൊബൈല്‍ കാമറ. ഇരിക്കാന്‍ കസേര തികയാറില്ലെങ്കിലും ബാത്ത്റൂമിനുള്ളിലിരുന്ന് ആരും ബിരിയാണി തിന്നാറില്ല അതു കൊണ്ട് തന്നെ ഹോട്ടല്‍ ബാത്ത്റൂമില്‍ ക്യാമറ വെച്ചത് പെണ്‍കുട്ടികള്‍ ബിരിയാണി തിന്നുന്ന പടമെടുക്കാനല്ലെന്ന് വ്യക്തം.
ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്നെപ്പോലെ ഞെട്ടിക്കാണും നിങ്ങളോരോരുത്തരും
വീടു വിട്ടാല്‍ മറ്റൊരു വീട് എന്ന് വിശ്വസിച്ചുപോന്നിരുന്ന ഒരു സ്ഥാപനത്തിലാണ് ഇങ്ങിനെയൊരു തെമ്മാടിത്തം നടന്നത്.
മനുഷ്യരോട് എങ്ങിനെ പെരുമാറണമെന്നും അതിഥികളോട് എത്രമാത്രം മര്യാദ പുലര്‍ത്തണമെന്നും നന്നായി അറിയാവുന്ന ആ ഹോട്ടലിന്റെ നടത്തിപ്പുകാര്‍ അറിയാതെയാണ് ഈ ക്രൂരത നടന്നിരിക്കുന്നത് എന്നുറപ്പ്.
മറ്റു ചില ഹോട്ടലുകാര്‍ ഈ സംഭവം ആഘോഷമാക്കിയേക്കാം, പക്ഷെ ഏതെങ്കിലും തലതിരിഞ്ഞവന്‍ അവരുടെ കുളിപ്പുരയിലും കാമത്തിന്റെ കാമറ കൊണ്ടുവെച്ചിട്ടുണ്ടോ എന്ന് ആരറിഞ്ഞു? ഈ സംഭവം ഒറ്റപ്പെട്ടതാണ് എന്നും കരുതാനാവില്ല, ഇത്ര സൂക്ഷ്മതയും മര്യാദയും പുലര്‍ത്തുന്ന സ്ഥാപനത്തില്‍ ഇങ്ങിനെ സംഭവിച്ചെങ്കില്‍ മറ്റിടങ്ങളില്‍ ഇതിനപ്പുറവും സംഭവിക്കും. പലയിടത്തും നടക്കുന്നുണ്ടാവും ഇത്തരം പോക്കിരിത്തരങ്ങള്‍. വാങ്ങിയ ഉടുപ്പ് പാകമാവുന്നില്ലേലും വേണ്ട, തുണിക്കടകളിലെ ട്രയല്‍ റൂമുകളില്‍ കയറി വസ്ത്രം ഇട്ടുനോക്കാന്‍ ഞാന്‍ കുട്ടികളെ സമ്മതിക്കാറില്ല എന്ന് ഒരു പരിചയക്കാരി പറഞ്ഞത് ഓര്‍ക്കുന്നു.
പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ പണ്ടേ മിടുക്കരാണല്ലോ നമ്മളൊക്കെ
സ്ത്രീകളുടെ അഭിമാനത്തിന് തെല്ലു വിലകല്‍പ്പിക്കാത്ത, വര്‍ഗീയ കലാപങ്ങളുണ്ടാക്കി സ്ത്രീകളുടെ മേല്‍ പാഞ്ഞു കയറുന്ന വര്‍ഗീയവാദ സംഘടനയുടെ നേതൃത്വത്തില്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടന്നതൊക്കെ ഈ അര്‍ഥത്തില്‍ വേണം വായിക്കാന്‍.പക്ഷെ, തകര്‍ന്നത് നമ്മുടെ വിശ്വാസമാണ്- (വിശ്വാസം അതല്ലേ എല്ലാം).വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ മൂത്രശങ്ക തോന്നിയാല്‍ എന്തായാലും ടൌണിലേക്കല്ലേ പോകുന്നത് അവിടെ ഏതെങ്കിലും കടയില്‍ ചെന്നിട്ട് കാര്യം സാധിക്കാം എന്ന് വിചാരിക്കുന്നവര്‍ പോലുമുണ്ട് നമുക്കിടയില്‍.
ഈ വാര്‍ത്ത വായിച്ച കോഴിക്കോട്ടെ 75 ശതമാനം കുടുംബങ്ങള്‍ക്കും അന്നു രാത്രി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പ്. സാഗര്‍ പോലെ കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ട മറ്റു പല ഹോട്ടലുകളിലും കുടുംബ സമേതം പോകാറുള്ളവര്‍ക്കും കാണും നെഞ്ചിടിപ്പ്. കോഴിക്കോടെന്ന പോലെ ഓരോ നാട്ടിനുമുണ്ടാവും ഇത്തരം ഊട്ടുപുരകള്‍. മൂത്ര സഞ്ചി പൊട്ടിയാലും നമ്മളാരും ഇനി ഹോട്ടലിലെ മൂത്രപ്പുരയിലേക്ക് കയറാന്‍ ധൈര്യപ്പെടില്ല എന്നുറപ്പ്.
ബാത്ത്റൂമില്‍ കാമറ കൊണ്ടുവെച്ച കൂട്ടുകാരാ നിന്നെ ഏത് തെറി വിളിച്ച് സംബോധന ചെയ്യണം എന്ന് എനിക്ക് നിശ്ചയം പോരാ
ഇത്തരം വേലത്തരം ഒപ്പിക്കുന്ന ആദ്യത്തെ പുള്ളി അല്ല നീ, പെണ്‍കുട്ടികള്‍ നടക്കുന്നിടത്തെല്ലാം ഇത്തരം ചതിക്കുഴികളാണല്ലോ
ഇനിയുള്ള കാലം വീട്ടിലെ ബിരിയാണിക്ക് ഇത്തിരി എരിവോ ഉപ്പോ കൂടിയാലും വേണ്ടീല, ബിരിയാണി ഇല്ലെങ്കില്‍ മത്തിയും ചോറും കിട്ടിയാലും മതി, വീട്ടിലുള്ളത് കഴിച്ച് ജീവിക്കാം എന്ന് തീരുമാനിക്കേണ്ട അവസ്ഥയാണ്. നഷ്ടപ്പെട്ടുപോയ മനസമാധാനം തിരിച്ചുകിട്ടാതെ എങ്ങിനെയാണിനി ബിരിയാണിയും അയക്കൂറയും തിന്നുക?

4 comments:

Rajeev Daniel said...

പറഞ്ഞത് സത്യം.

Sudeep K Krishnan said...

naanam illathavane...

ithalla blog ennu paranjaal

swanthamayi ezhuthanam..manasilaayo?

gokulrs said...

bro....my name in orkut is yuvraj.....pls come to mohanlal community.......things r getting worser there........mods unjoined frm community...nobody knos d owner.......pls do sme help nw.....pls help us to contact d owner.......plsssssssssssssssssssssss

taio said...

nu inteleg nimic