കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളുമായി ഒരു കൊച്ചു ശലഭത്തെ പോലെ പാറി നടന്ന കാലം. ഏകദേശം ഇരുപത് വര്‍ഷം മുന്‍പാണെങ്കിലും ഒട്ടേറെ ഓര്‍മ്മകള്‍ ഇന്നും ബാക്കി. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചതും, പപ്പയുടെ നാട്ടില്‍ ചെന്നാല്‍ വീടിനു മുന്നിലെ തോട്ടില്‍ നിന്നും കല്ലിനിടയിലുള്ള ചെമ്മീനിനെ പിടിച്ചതും, അന്നും ഇന്നും എന്നും ഒരു അത്ഭുതമായ കോഴിക്കോട് കടപ്പുറത്ത് കളിച്ചു നടന്നതും എല്ലാം ഇന്നലത്തെ പോലെ മനസ്സില്‍. വീട്ടുകാരുടെ ഒരു ടെന്‍ഷനും വക വെക്കാതെ ഭക്ഷണത്തിന് മാത്രം വീട്ടില്‍ കയറിചെല്ലാറുള്ള ആ പ്രായം.
വിദ്യാഭ്യാസം, ജോലി, കുടുംബം, യാത്ര, മുതലായ ആയിരക്കണക്കിന് ജീവിത പ്രാരാബ്ധങ്ങള്‍ കാരണം ആ ഒരു കാലഘട്ടത്തില്‍ നിന്നും ഒരു പാട് ദൂരേക്ക് പോയ പോലെ. ഇന്ന് ശീതികരിച്ച ഓഫിസ്മുറിയില്‍ ഇരുന്നു പിന്നോട്ട് നോക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടപെട്ട പോലെ. ഒരു പക്ഷെ എന്റെ മകള്‍ക്കും ഇതൊക്കെ സംഭവിച്ചേക്കാം. അവള് വളര്‍ന്നു വരുന്നേ ഉള്ളു. അവരുടെ കളിക്കോപ്പുകള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. അവള് അവളുടെ ബാല്യത്തെ ഒരു കാലത്ത് ഇത് പോലെ വേദനയോടെ ഓര്‍മിക്കുമായിരിക്കാം.
പതിനാലു മാസം മാത്രം പ്രായമായ എന്റെ മോളെ കുറിച്ച് ഞാന്‍ ഭയപ്പെടുന്നു. എനിക്ക് ആശങ്കയാണ്. അകാലത്തില്‍ പൊലിഞ്ഞു പോയ അദിതി നമ്പൂതിരി എന്ന കുഞ്ഞു മാലാഖയുടെ മരണ വാര്‍ത്ത എന്നെ ചെറുതായൊന്നുമല്ല ബാധിച്ചിട്ടുള്ളത്. സ്വന്തം അച്ഛനും അയാളുടെ ഭാര്യയും ചേര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം പോലും കൊടുക്കാതെ ക്രൂരമായി മര്‍ദ്ദിച്ച് ആ പാവം കുഞ്ഞിനെ കൊന്നു കളഞ്ഞു. ദേഹത്ത് പല ഭാഗങ്ങളിലും പൊള്ളല്‍ ഏല്പിച്ച പാടുകള്‍. അതിരാവിലെ മൂന്നര മണിക്ക് എഴുന്നേല്‍പ്പിച്ചു വീട്ടു ജോലികള്‍ ചെയ്യിക്കലായിരുന്നു കുഞ്ഞിനോട് കാണിച്ച മറ്റൊരു ക്രൂരത. ഒടുവില്‍ ഈ ലോകത്തോട് വിട പറഞ്ഞ കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദിവസങ്ങള്‍ക്കു മുന്‍പ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടം മാത്രമാണ് വയറ്റില്‍ നിന്ന് കിട്ടിയത്.
ഒരു പക്ഷെ സ്വന്തം മകളുടെ പേര് അദിതി എന്നായതായിരിക്കും എന്നെ ഇത്ര മേല്‍ ഈ ദുരന്തം വേദനിപ്പിക്കുന്നതിനുള്ള മുഖ്യ കാരണം. പീഡനങ്ങളും ദ്രോഹങ്ങളും ഇല്ലാത്ത ലോകത്തേക്ക് നടന്നു കയറിയ പൊന്നുമോള്‍ക്ക് എന്റെ കണ്ണീര് പ്രണാമം.