ഒരു എം ബി എ എന്ന സ്വപ്നം തലയില്‍ കയറ്റി CAT ഇല് കുഴപ്പമില്ലാത്ത സ്കോര്‍ ഒക്കെ ഒപ്പിച്ചു, ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഗ്രൂപ്പ് ഡിസ്കഷന് , ഇന്റര്‍വ്യു എന്ന പേരില്‍ തെണ്ടി തിരിഞ്ഞു നടക്കുന്നത് കാരണം നമ്മുടെ ബ്ലോഗില്‍ ഒന്നും എഴുതാന്‍ പറ്റിയില്ല. അത് കൊണ്ട് തന്നെ ഇത്തവണ അക്രമം മാതൃഭാഷയില്‍ ആകാം. കഴിഞ്ഞ കുറെ വാരാന്ത്യങ്ങള്‍ ഈ പേരും പറഞ്ഞു ഊര് ചുറ്റി നടക്കുകയായിരുന്നു. അതിനിടെ ഇത് വരെ കാണാത്ത സ്ഥലങ്ങളും കേള്‍ക്കാത്ത ഭാഷകളും, കണ്ടു, കേട്ടു.
ബാംഗ്ലൂര്‍
കെ ജെ സോമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, മുംബൈ അവരുടെ ഗ്രൂപ്പ് ഡിസ്കഷന് , ഇന്റര്‍വ്യു എന്നിവ നടത്തിയത് ഇവിടെ വെച്ചാണ്. തൊട്ടടുത്ത ദിവസം ചെന്നൈയില്‍ വെച്ച് അലഹബാദ് ബാങ്കിന്റെ ഐ ടി ഓഫീസര്‍ പരീക്ഷ ഉള്ളതിനാലും ഭാരം ചുമക്കാനുള്ള മടി കൊണ്ടും, വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമേ ബാഗില്‍ പായ്ക്ക് ചെയ്തു വെച്ചിട്ടുള്ളു. അത്തരത്തില്‍ ഒഴിവാക്കിയ ഒരു സംഭവം ആണ് ഷേവിംഗ് സെറ്റ്. ബാംഗ്ലൂരില്‍ ഇഷ്ടം പോലെ ബാര്‍ബര്‍ ഷോപ്പ് ഉണ്ടാകും, അതിനാല്‍ അന്നേ ദിവസം രാവിലെ അവിടെ പോയി കാര്യം സാധിക്കാം എന്ന മുന്‍വിധിയോടെയാണ് അങ്ങോട്ട് വണ്ടി കയറിയത്. രാവിലെ ഫ്രെഷ് ആയി ബാര്‍ബര്‍ ഷോപ്പ് തേടിയിറങ്ങി. ഭാഗ്യത്തിന് താമസസ്ഥലത്തിന്റെ തൊട്ടടുത്ത് തന്നെ ഒരെണ്ണം ഉണ്ടായിരുന്നു. നേരേ അകത്തോട്ടു കയറിച്ചെന്നു. ഷേവിംഗ് എന്ന സംഭവത്തിന്റെ കന്നഡ അറിയാത്തത് കൊണ്ട് താടി തടവിക്കാണിച്ചു. ഭാഗ്യത്തിന് ബാര്‍ബര്‍ ചേട്ടന് സംഗതി മനസ്സിലായി. കഴുത്തിന് ചുറ്റും ടവല്‍ വിരിച്ചു ആശാന് പണി തുടങ്ങി. ഷേവിംഗ് തുടങ്ങിയപ്പോളാണ് സംശയം തോന്നിയത് , ഇയാള്‍ ഇതിനു മുന്‍പ് വല്ല കോഴിക്കടയിലുമാണോ ജോലി ചെയ്തിട്ടുള്ളതെന്ന്. ഒരു ചെറിയ ആരാച്ചാര്‍ തന്നെ. ഷേവിങ്ങിനു മുന്‍പ് ഒരു ലോക്കല്‍ അനസ്തീഷ്യ കിട്ടിയിരുന്നെങ്ങില് നന്നായേനെ. സെക്കണ്ട് ലെയര്‍ ഷേവിങ്ങും കഴിഞ്ഞു. കഴുത്തിന് ചുറ്റും ഒരു കുരുക്ഷേത്രയുദ്ധം കഴിഞ്ഞ അവസ്ഥ. ശല്യം അവസാനിച്ചല്ലോ എന്ന് കരുതിയപ്പോഴാണ് തൊട്ടടുത്ത കസേരയില്‍ ഇരുന്നു കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞ ഒരു മച്ചാന്റെ വക ഒരു റോള്‍. മച്ചാന് ഷര്‍ട്ടിന്റെ ഓരോ ബട്ടന്‍സ് ആയി അഴിക്കാന്‍ തുടങ്ങി. ഇവന് ബാംഗ്ലൂരിലെ മിസ്റ്റര്‍ പോഞ്ഞിക്കര ആയിരിക്കും എന്നും ഇപ്പോള്‍ ഇവിടെ വെച്ച് അവന്റെ മ്യൂസിക് വിത്ത് ബോഡി മസില്‍സ് ഷോ ആയിരിക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. മച്ചാന് ഷര്‍ട്ട് കമ്പ്ലീറ്റ് ഊരി, ഇപ്പോള്‍ വേഷം ബനിയനും പാന്റ്സും മാത്രം. എന്നിട്ട് കൈ രണ്ടും പൊക്കി നിന്നു. ബാര്‍ബര്‍ അവനെ ഇത്രയും നേരം ഷേവ് ചെയ്ത റേസര്‍ എടുത്തു അവന്റെ കക്ഷം (അതെ, അത് തന്നെ!!!) ഓരോന്നായി വടിക്കാന്‍ തുടങ്ങി. ഇരുപതു രൂപയും കൊടുത്തു കണ്ടവന്റെയൊക്കെ കക്ഷങ്ങള് വടിച്ച റേസറും കൊണ്ട് ഷേവ് ചെയ്യിച്ച സന്തോഷത്തില്‍ കൃതാര്ഥ്യനായി ഞാന്‍ അവിടെ നിന്നിറങ്ങി.